12:29am 04 September 2026
NEWS
കെ ടി ജലീൽ എംഎൽഎയെ മാസങ്ങളായി മണ്ഡലത്തിൽ കാണാനില്ലെന്ന് പരാതി
27/06/2025  05:38 AM IST
nila
കെ ടി ജലീൽ എംഎൽഎയെ മാസങ്ങളായി മണ്ഡലത്തിൽ കാണാനില്ലെന്ന് പരാതി

 തവനൂർ എംഎൽഎ കെ.ടി.ജലീലിനെ മാസങ്ങളായി മണ്ഡലത്തിൽ കാണാനില്ലെന്ന് പരാതി. ജലീലിനെ പൊലീസിന്റെ സഹായത്തോടെ കണ്ടെത്തി തിരിച്ചത്തിക്കണമെന്നും ആവശ്യപ്പെട്ട് മലപ്പുറം ഡിസിസി ജില്ലാ ജനറൽ സെക്രട്ടറി ഇ.പി.രാജീവ് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറിന് കത്തു നൽകി. എംഎൽഎയെ കണ്ടെത്തി തിരിച്ചെത്തിക്കുന്നതോടൊപ്പം, കഴിഞ്ഞ കുറച്ചു മാസങ്ങളായി ജോലി ചെയ്യാതെ കൈപ്പറ്റിയ എംഎൽഎയുടെ ശമ്പളം തിരിച്ചുപിടിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്.

കത്തിന്റെ പൂർണ രൂപം: 

‘ഞാൻ അടങ്ങുന്ന തവനൂർ നിയോജകമണ്ഡലത്തിന്റെ എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ടത് ശ്രീ. കെ.ടി.ജലീൽ ആണ്. ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത് മുതൽ അഞ്ചു വർഷത്തേക്ക് നിയമസഭാംഗമായി സേവനം ചെയ്യാമെന്ന് നിയമസഭ സമക്ഷം സത്യം ചെയ്തതുമാണ്. എന്നാൽ മാസങ്ങളായി കെ.ടി.ജലീൽ എംഎൽഎ മണ്ഡലത്തിൽ ഉണ്ടായിട്ടില്ല. അദ്ദേഹം സജീവമായിരുന്ന കല്യാണവീടുകളിൽ പോലും അദ്ദേഹത്തെ കാണാതായിട്ട് മാസങ്ങളായിരിക്കുന്നു. അദ്ദേഹത്തെ കാണാതെ പോയതാണെങ്കിൽ ബഹുമാനപ്പെട്ട സ്‌പീക്കർ ഇടപെട്ട് പൊലീസിന്റെ സഹായത്തോടെ മണ്ഡലത്തിലേക്ക് തിരിച്ചു എത്തിക്കാൻ അഭ്യർഥിക്കുന്നു.

ഇതോടൊപ്പം നിലവിൽ നിയോജകമണ്ഡലത്തിൽ അടിയന്തരമായി ചെയ്യേണ്ട നിരവധി കാര്യങ്ങൾക്ക് എംഎൽഎ നേതൃത്വം നൽകേണ്ടതുണ്ട്. അതിൽ ഒന്നാമതായി നാടു മുഴുവൻ ജലനിധി പൈപ്പ് വിതരണത്തിന്റെ കുഴികൾ കുഴിച്ച്, റോഡ് മുഴുവൻ കിലോമീറ്റർ നീളുന്ന തോടുകളാണ്. സംസ്ഥാനപാത മുതൽ ചെറിയ റോഡുകൾ അടക്കം ഈ സ്ഥിതിയാണ്. ബൈക്കിൽ പോകുന്നവരും കാൽനട യാത്രക്കാരും ഭാഗ്യമുണ്ടെങ്കിൽ വീണ്ടും ജീവനോടെ കാണാം എന്ന് വീട്ടുകാരോട് യാത്ര ചോദിച്ചാണ് ഈ റോഡിലൂടെ യാത്ര ചെയ്യുന്നത്. എംഎൽഎ എന്തെങ്കിലും ചെയ്യും എന്ന് കാത്തിരുന്നിട്ട് കുഴി വലുതായി കുളം ആകുന്നതല്ലാതെ പരിഹരിക്കാനുള്ള എന്തെങ്കിലും കാര്യം ചെയ്യുന്നതായി നേരിട്ടോ മറ്റെന്തെങ്കിലും മാധ്യമങ്ങൾ മുഖാന്തിരമോ ഒരു അറിവും ലഭിച്ചിട്ടില്ല.

വിദേശ ടൂറുകൾക്കും യുഡിഎഫിനെയും ലീഗിനെയും വിമർശിക്കാനും പിണറായിക്ക് സ്‌തുതി പാടാനും മാത്രം സമയം കണ്ടെത്തുന്നു എന്നല്ലാതെ എംഎൽഎ എന്ന നിലയിൽ അദ്ദേഹം ചെയ്യേണ്ട ജോലിയുടെ ഒരു ശതമാനം പോലും ചെയ്യുന്നില്ല. ആയതിനാൽ ബഹുമാനപ്പെട്ട കേരള നിയമസഭാ സ്‌പീക്കർ ഇടപെട്ട് ഞങ്ങളുടെ മണ്ഡലത്തിൽ നിന്നും മാഞ്ഞുപോയ എംഎൽഎയെ തിരിച്ച് തവനൂർ മണ്ഡലത്തിലേക്ക് എത്തിക്കാൻ മുൻകൈയെടുക്കണമെന്ന് അഭ്യർഥിക്കുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി കേരള ഖജനാവിൽ നിന്ന് എംഎൽഎയുടെ ശമ്പളം ജോലി ചെയ്യാതെ കൈപ്പറ്റുന്നു എന്നതിനാൽ അദ്ദേഹം കൈപ്പറ്റിയ തുക ഖജനാവിലേക്ക് തിരികെ വാങ്ങിക്കണമെന്നും അഭ്യർഥിക്കുന്നു.

ഇപ്പോൾ ചർച്ച ആയിരിക്കുന്ന എടപ്പാൾ ബസ് സ്റ്റാൻഡിന്റെ ആവശ്യത്തെ നടപ്പിൽ വരുത്താൻ ശ്രമിക്കുന്നത് വട്ടംകുളം പഞ്ചായത്ത് മാത്രമാണ്. വളർന്നുവരുന്ന എടപ്പാൾ നഗരത്തിന് ഒരു ബസ് സ്റ്റാൻഡ് നിർമിക്കാൻ ഒരുപാട് പരിമിതികൾ പഞ്ചായത്തിന് ഉണ്ട്. തവനൂർ മണ്ഡലത്തിലെ പ്രധാന കേന്ദ്രം എന്നുള്ള നിലയ്ക്ക് ജലീൽ എംഎൽഎ ഈ പദ്ധതിക്ക് മുൻകൈയെടുത്ത് നടപ്പിൽ വരുത്തേണ്ടതാണ്. എന്നാൽ തിരിഞ്ഞു പോലും നോക്കാതെ അദ്ദേഹം ഈ വിഷയം അവഗണിച്ചിരിക്കുകയാണ്.

വർധിച്ചു വരുന്ന കേസുകൾ കാരണം പൊന്നാനി ചങ്ങരംകുളം പൊലീസിന് കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ടുകൊണ്ട് മണ്ഡല പരിധിയിൽ പുതിയ പൊലീസ് സ്റ്റേഷൻ അനുവദിക്കുമെന്ന് പ്രഖ്യാപനങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അത് പ്രഖ്യാപനത്തിൽ മാത്രം ഒരുങ്ങി നിൽക്കുന്നു. ഒരു സർക്കാർ ഉത്തരവ് പോലും വ്യക്തമായി ഈ വിഷയത്തിൽ വന്നിട്ടില്ല. ഇവിടെയും എംഎൽഎയെ കണ്ടിട്ടില്ല. എംഎൽഎ മിണ്ടുന്നില്ല.

തവനൂർ പഞ്ചായത്ത് അംഗങ്ങൾ തിരുനാവായ മേൽപാലത്തിന്റെ കല്ലിടലിന് മുന്നോടിയായി തേങ്ങ ഉടയ്ക്കുന്നതായി കണ്ടതല്ലാതെ അതിന്റെ മേൽ മറ്റൊരു പ്രവർത്തിയും ഇതുവരെ നടന്നിട്ടില്ല. ഈ പാലത്തെ മറ്റൊരു ചമ്രവട്ടം പാലം ആക്കാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ ഇവിടെയും എംഎൽഎയുടെ അടിയന്തര ശ്രദ്ധ ലഭിക്കേണ്ട വിഷയമാണ്. ഇവിടെയും എംഎൽഎ ഇല്ല. ഇത്തരത്തിൽ ഒരു നാടിനു വേണ്ട നിരവധിയായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ടതാണ് ഒരു എംഎൽഎയുടെ പ്രധാന ചുമതല. എന്നാൽ മാസങ്ങളായി എംഎൽഎ മണ്ഡലത്തിൽ ഇല്ല’.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img